വാഷിംഗ്ൺ ഡിസി: ഇറാന്റെ കൈവശമുള്ള സന്പുഷ്ടീകരിച്ച യുറേനിയം ശേഖരം പിടിച്ചെടുക്കാൻ പരിമിതമായ തോതിൽ കരസേനയെ നിയോഗിക്കാൻ അമേരിക്കയുടെയും ഇസ്രയേലിന്റെയും ആലോചന.
അമേരിക്കൻ കരസേനയിലെ പ്രത്യേക കമാൻഡോസംഘത്തെ ഈ ദൗത്യം ഏൽപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാൻ യുറേനിയം സൂക്ഷിച്ചിരിക്കുന്നത് അതീവസുരക്ഷയുള്ള ഭൂഗർഭകേന്ദ്രങ്ങളിലാണ്. ഇവിടേക്കിറങ്ങി ദൗത്യം നടത്തുകയെന്നത് വെല്ലുവിളി നിറഞ്ഞതുമാണ്. അതിനാൽത്തന്നെ പ്രത്യേക പരിശീലനം നേടിയ കമാൻഡോകളെയായിരിക്കും നിയോഗിക്കുക.
പ്രത്യേക ദൗത്യത്തിനായി ഇറാനിൽ ചെറിയതോതിൽ യുഎസ് സൈനികരെ വിന്യസിക്കുന്നതിനോട് പ്രസിഡന്റ് ഡോണൾഡ് ട്രംപ് താത്പര്യം പ്രകടിപ്പിച്ചതായി ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. എട്ടു ദിവസമായി തുടരുന്ന വ്യോമാക്രമണത്തിൽ ഇറാന്റെ പ്രതിരോധശേഷി തകർന്നെങ്കിലും അവരുടെ കൈവശമുള്ള സന്പുഷ്ടീകൃത യുറേനിയം ശേഖരം അമേരിക്കയ്ക്കും ഇസ്രയേലിനും തലവേദനയായി തുടരുകയാണ്.
ഏകദേശം 450 കിലോ യുറേനിയം ഇറാന്റെ കൈവശമുണ്ടെന്നാണ് രഹസ്യവിവരം. 60 ശതമാനം വരെ സന്പുഷ്ടീകരിച്ച ഇത് ഏതാനും ആഴ്ചകൾക്കുള്ളിൽ കൂടുതൽ സന്പുഷ്ടീകരിച്ച് ആയുധ ഗ്രേഡ് യുറേനിയമാക്കി മാറ്റാൻ കഴിയും. അതിനാൽത്തന്നെ എത്രയുംവേഗം സൈനികദൗത്യം നടത്തി യുറേനിയം പൂർണമായും നീക്കം ചെയ്യാനാണ് ആലോചന.